2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

നബിദിനം അഥവാ മീലാദുന്നബി ..!!!






അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി എന്ന് പറയുന്നത്. . ഹിജറ വർഷം റബീഉൽ അവ്വൽ 12 നാണ് നബിദിനം.ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കുന്നതിനും, ഭൂമിയിൽ നന്മ സ്ഥാപിക്കുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യുന്നതിനു വേണ്ടി നിയോഗിതനായ ദൈവദൂതനാണ്  മുഹമ്മദ് നബി.  പിതാവിന്റെ പേര്: അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്, മാതാവിന്റെ പേര്: ആമിന ബിൻത് വഹബ്. മക്കയിലെ ഖുറൈശിഗോത്രത്തിലെ ഹാശിം കുടുംബത്തിൽ ജനനം.. ചെറിയ വയസ്സിലേ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആർജ്ജിച്ചു. ഇത് അദ്ദേഹത്തിന്‌ വിശ്വസ്തൻ എന്നർത്ഥം വരുന്ന അൽ‌ അമീൻ എന്ന പേര്‌ നേടിക്കൊടുത്തു.. നാല്പതാം വയസ്സിലാണ്  നുബുവ്വത്  അഥവാ പ്രവാചകത്വം കിട്ടിയത് ..  പ്രവാചകത്വം ലഭിക്കുന്ന കാലത്ത് മക്കയിൽ കൊള്ള, കൊല, കവർച്ച, മദ്യപാനം, വിഗ്രഹാരാധന എന്നിവ സർവ്വവ്യാപിയായിരുന്നു. അശ്ലീലവും നിർലജ്ജവുമായ ചെയ്തികൾ പരക്കെ നടമാടിയിരുന്നു. ഈ ദുർവൃത്തികളിൽനിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങൾക്കു വേണ്ടി മാത്രം  പ്രവാചകന്‍ വിനിയോഗിച്ചു. മക്കയുടെ അടുത്തുള്ള ഹിറാഗുഹയിൽ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു. ഇങ്ങനെ ഒരു നാൾ ഹിറാഗുഹയിൽ പ്രാർഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കെ  ജിബ്‌രീൽ  മാലാഖ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് ദൈവവചനങ്ങൾ ഓതിക്കേൾപ്പിച്ചു ..ആദ്യ വാചകം ഇതായിരുന്നു ..'' ഇക്ക്രഹ് ..ബിസ്മി റബ്ബിക്കല്ല്തീ ഹലക്ക് ..മിന്‍ ഹലക്ക് ..-വായിക്കുക. സൃഷ്ടികർത്താവായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക, മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന വസ്തുവിൽനിന്നവൻ സൃഷ്ടിച്ചു. പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു..!! 

സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടാൻ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു.മുഴുവൻ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്നും ദൈവഭക്തിയിൽ മാത്രമാണ് ഔന്നത്യമെന്നുമുള്ള നബിയുടെ സന്ദേശത്തിൽ ജനങ്ങൾ ആകൃഷ്ടരാകാൻ തുടങ്ങി. തങ്ങൾ അടിമകളാക്കി വെച്ചിരുന്ന ആളുകൾ മുഹമ്മദിന്റെ കൂടെച്ചേർന്ന് സാമൂഹ്യമാറ്റത്തിന് ശ്രമിക്കുന്നത് മക്കയിലെ പ്രമാണിമാർക്കും, പണക്കാർക്കും സഹിക്കാൻ കഴിഞ്ഞില്ല. അവർ ഒറ്റക്കും കൂട്ടായും നബിയേയും അനുയായികളെയും തടയാൻ ശ്രമിച്ചു. നബിയെ എതിർക്കുന്നവരിൽ പ്രധാനികളായിരുന്നു അബൂ ജഹ്ൽ (അജ്ഞതയുടെ പിതാവ്) എന്ന പേരിൽ മുസ്ലിംകൾ വിളിച്ചിരുന്ന അംറുബ്നു ഹിഷാം അബൂലഹബ്, വലീദിബ്നു മുഗീറ, ഉത്ബത്, ഷൈബത്, അബൂസുഫ്യാൻ (ഇദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിച്ചു) തുടങ്ങിയവർ. അവർ ആദ്യം പ്രലോഭനങ്ങളുമായി രംഗത്ത് വന്നു.മക്കയിലെ ഭരണാധികാരം നൽകാമെന്നും, അല്ലെങ്കിൽ ഇഷ്ടം പോലെ പണം നൽകാമെന്നും , അതുമല്ലെങ്കിൽ അറബികളിലെ സുന്ദരികളെ വിവാഹം ചെയ്ത് കൊടുക്കാമെന്നും നബിയോട് പറഞ്ഞു. പകരം അദ്ദേഹം മക്കയിലുള്ളവർ ചെയ്യുന്ന തെറ്റുകൾക്ക് നേരെ കണ്ണടക്കണം, അതിനെ വിമർശിക്കരുത്, ഇസ്ലാം പ്രചാരണം ചെയ്യുന്നത് നിർത്തണം തുടങ്ങിയവയായിരുന്നു ശത്രുക്കളുടെ ആവശ്യം. എന്നാൽ അദ്ദേഹം ഇതിനു വഴങ്ങിയില്ല...അതിന് ശേഷം ക്രൂരമായ പല മര്‍ദ്ദനങ്ങളും സഹിക്കേണ്ടി വന്ന പ്രവാചകനും അനിയായികളും നിവൃത്തിയില്ലാതെ മക്കയില്‍ നിന്നും മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു ..ഇതിനെയാണ് ഹിജറ എന്ന് അറിയപ്പെട്ടത് . മദീനയില്‍ എത്തിയ പ്രവാചകര്‍ അവിടെയുള്ളവരെ ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കുകയും എല്ലാവരും കൂട്ടത്തോടെ നബിയിലും അദ്ധേഹത്തിന്റെ സന്ദേശങ്ങളിലും ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു ..ഇനിയും ഒത്തിരി എഴുതാനുണ്ടെങ്കിലും സമയ പരിമിതി മൂലം തല്‍ക്കാലം നിര്‍ത്തട്ടെ ..എല്ലാ സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ പ്രവാചകരുടെ ജനനത്തിന്റെ ഓര്‍മയില്‍ ആഘോഷിക്കുന്ന മിലാദെ ഷരീഫ്‌....അഥവാ നബിദിന ആശംസകള്‍ നേരുന്നു ..!!!